English| മലയാളം

ചരിത്രം

സാമൂഹ്യചരിത്രം
പണ്ടുകാലത്ത് “നിലംബപുരം” എന്നറിയപ്പെട്ടിരുന്നതും, പിന്നീട് “നിലംബഊര്” എന്നും, തുടര്‍ന്ന് “നിലമ്പൂര്‍” എന്നും സ്ഥലനാമപരിണാമം സംഭവിച്ചതുമായ ഈ പ്രദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രം ആരംഭിക്കുന്നത് 1775 കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന തച്ചറക്കാവിലെ നിലമ്പൂര്‍‌കോവിലകവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായിരുന്നു നിലമ്പൂര്‍ കോവിലകം. അവരുടെ കീഴിലുള്ള പ്രദേശങ്ങളെ 18 ചേരിക്കല്ലുകളായി തിരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പ്രദേശം ചാലിയാറിന്റെ തീരത്ത് കാടിന്റെ അതിരില്‍ സ്ഥിതിചെയ്തിരുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. മാനവേദന്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് കാട്ടാനകളുടെ ചിന്നംവിളി കേള്‍ക്കാമായിരുന്നുവെന്നു പഴമക്കാര്‍ പറയുമായിരുന്നു. ഒരുകാലത്ത് നിലമ്പൂര്‍ കോവിലകത്തിനു കീഴില്‍ ജന്മി-നാടുവാഴി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സാമൂഹ്യഘടനയായിരുന്നു ഈ ഗ്രാമത്തിലുമുണ്ടായിരുന്നത്. 13-ാം നൂറ്റാണ്ടില്‍ നെടിയിരുപ്പില്‍ നിന്ന് വന്ന തച്ചറക്കാവില്‍ ഏറാടിമാരാണ് ഈ കോവിലകം സ്ഥാപിച്ചത്. തമ്പാന്‍, തിരുമുല്‍പ്പാട്, രാജ എന്നിങ്ങനെ പല പേരുകളിലും അവര്‍ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്നു. ആദിവാസികളായ മലമുത്തന്‍മാരും, പാതിനായ്ക്കന്‍മാരും, ചോലനായ്ക്കന്‍മാരും, പണിയന്‍മാരുമായിരുന്നു ഇവിടുത്തെ ആദിമജനവിഭാഗങ്ങള്‍. കോവിലകം ഇവിടെ വരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിന്റെ പ്രാധാന്യം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കടക്കമുള്ള കിഴക്കന്‍ പ്രദേശം മുഴുവന്‍ ഒരുകാലത്ത് അവരുടെ ജന്മമായിരുന്നു. “ശക്തന്‍” എന്ന “തമ്പാന്‍” കാടിന്റെ ഉടമകളായ ആദിവാസികളില്‍ നിന്ന് ഭൂമി മുഴുവന്‍ കൈയ്യൂക്കുകൊണ്ടു വെട്ടിപ്പിടിക്കുകയായിരുന്നു. പില്‍ക്കാലത്ത് “ഭക്തന്‍” എന്ന മറ്റൊരു തമ്പാന്‍ നമ്പോലക്കോട്ടയില്‍ നിന്ന് ആദിവാസികളുടെ കുലദൈവമായ “വേട്ടക്കൊരുമകനെ” ഇവിടെ കൊണ്ടു വന്നു പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ചടങ്ങുകള്‍ പരിശോധിച്ചാല്‍ കാടിന്റെ മക്കളോടു കാണിച്ച കടുംകൈയ്യിന് ഒരു പ്രായശ്ചിത്തം കൂടിയായിട്ടാണോ അത് ഏര്‍പ്പെടുത്തിയത് എന്ന് സംശയം തോന്നും. ക്രമേണ കൃഷി, കച്ചവടം, തൊഴില്‍ എന്നിവ വികസിപ്പിക്കുവാനും കോവിലകത്തെ ആവശ്യങ്ങള്‍ക്കുമായി നായന്‍മാര്‍, ചെട്ടിമാര്‍, കുമ്പാരന്‍മാര്‍ മുതലായവരെ കൂട്ടിക്കൊണ്ടു വന്ന്, അവര്‍ കോവിലകത്തിനു ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവരൊക്കെ പല കാലങ്ങളിലായി നിലമ്പൂരിന്റെ വനസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും കണ്ട് കൃഷിചെയ്തും തൊഴിലെടുത്തും ജീവിക്കാനായി ഇവിടെ കുടിയേറിപാര്‍ത്തവരാണ്. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നുവെങ്കിലും തമ്പുരാന്റെ അധികാരങ്ങളെയും തീരുമാനങ്ങളേയും എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍, കരംപിരിവ്, ജനനമരണ രജിസ്ട്രേഷന്‍ എന്നിവയുടെ ചുമതല അംശ ഉദ്യോഗസ്ഥനായ അധികാരിക്കായിരുന്നു. അധികാരിസ്ഥാനം താവഴിയായി നിലനിന്നിരുന്നു. അധികാരിയെ സഹായിക്കുവാന്‍ മേനോന്‍, കോല്‍ക്കാരന്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലാണ് കുടിയേറ്റക്കാരായ ക്രിസ്ത്യാനികള്‍ ഇവിടെ വന്‍തോതില്‍ എത്തിച്ചേരുന്നത്. മണ്ണിനെ പൊന്നാക്കേണ്ടതെങ്ങനെയെന്ന് അധ്വാനശീലരായ അവര്‍ അലസരായ നാട്ടുകാരെ പഠിപ്പിച്ചു. റബ്ബര്‍കൃഷിയോടൊപ്പം, കപ്പകൃഷി കൊണ്ടും എങ്ങനെ വരുമാനമുണ്ടാക്കാമെന്ന് കുടിയേറ്റക്കാരാണ് കാട്ടിക്കൊടുത്തത്. ഈ പ്രദേശത്തെ വിദ്യാഭ്യാസ, വൈദ്യ ശുശ്രൂഷാരംഗത്തെ വികസനത്തിനും അവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മഞ്ചേരിക്ക് കിഴക്ക് ഹൈസ്ക്കൂളുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത്, 1940-ല്‍ അന്നത്തെ സീനിയര്‍ മാനവേദരാജ ആരംഭിച്ചതാണ് ഇന്നത്തെ ഗവണ്‍മെന്റ് മാനദേവന്‍ ഹൈസ്ക്കൂള്‍. ആദ്യകാലത്ത് ഈ സൌകര്യങ്ങളെ ഉപയോഗപ്പെടുത്തിയത് സമൂഹത്തിലെ ഉന്നതരുടെ കുട്ടികള്‍ മാത്രമായിരുന്നെങ്കിലും, സാമൂഹ്യ ദേശീയ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ബോധ നവീകരണത്തിന്റെ ഫലമായി അധ:സ്ഥിതവിഭാഗങ്ങളും വിദ്യാഭ്യാസത്തിനായി മുന്നോട്ടുവന്നു. ഇന്ന് നിലമ്പൂരില്‍ 10 പ്രൈമറി സ്കൂളുകളും, രണ്ട് ഹൈസ്കൂളുകളും, സമീപത്തായിത്തന്നെ  രണ്ടു കോളേജുകളും പ്രവര്‍ത്തിക്കുന്നു. 1936-ല്‍ മലേറിയ നിയന്ത്രണത്തിനായി ഒരു ഡോക്ടറും നേഴ്സും മാത്രമായി ആരംഭിച്ച ക്ലിനിക്കാണ് ക്രമേണ വളര്‍ന്ന്, ഇന്നത്തെ ഗവണ്‍മെന്റ് ആശുപത്രിയായി വികസിച്ചത്. നിലമ്പൂരിലൂടെ കടന്നുപോകുന്ന ഊട്ടി റോഡ് നാടിന്റെ വികസനത്തില്‍ കാര്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. മൈസൂര്‍ സുല്‍ത്താന്‍മാര്‍ മലബാറിനു സമ്മാനിച്ച നല്ല റോഡുകളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഗൂഡല്ലൂര്‍ വരെ ടിപ്പു നിര്‍മ്മിച്ച റോഡിനെ നീലഗിരിയിലെ ചായത്തോട്ടങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ നീട്ടിയതാണ് ഇന്നത്തെ ഊട്ടിറോഡിന്റെ പഴയ രൂപം. സൈനികനീക്കത്തിനുള്ള സൌകര്യം കൂടി പരിഗണിച്ചാണ് റോഡുവെട്ടിയതെങ്കിലും, പിന്നീടത് ഈ പ്രദേശത്തിന്റെ തന്നെ  സാമ്പത്തികപുരോഗതിക്ക് അടിത്തറ പാകി. 1927-ല്‍ നിലമ്പൂരിലേക്ക് റെയില്‍വേ ലൈന്‍ നീട്ടിയതു തന്നെ  മരവ്യാപാരത്തിനുള്ള സൌകര്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ റോഡോ റെയിലോ അല്ല, ചാലിയാര്‍ പുഴയാണ് ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നിന്നിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാരണം നിലമ്പൂര്‍ കാട്ടിലെ മരം ഭൂരിഭാഗവും എത്തിക്കേണ്ടിയിരുന്നത് ഫെറോക്കിലെ മരവ്യവസായ കേന്ദ്രങ്ങളിലേക്കായിരുന്നു. നിലമ്പൂരിന്റെ ചരിത്രം പറയുമ്പോള്‍ മുസ്ലീംസമൂഹത്തിന്റെ സംഭാവന പറയാതെ പോകാനാവില്ല. 1921-ല്‍ നടന്ന അഹിതകരമായ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പുറമേനിന്ന് വന്ന കലാപകാരികളായിരുന്നു എന്നത് പലരും മനസ്സിലാക്കിയിട്ടില്ല. ഹിന്ദു സഹോദരന്‍മാരെ രക്ഷിക്കാന്‍ കലാപകാരികളെ നേരിട്ട് ജീവന്‍ നഷ്ടപ്പെട്ട മുസ്ലീം ചെറുപ്പക്കാരെ നിലമ്പൂരിലെ ജനതയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പല സ്ഥലത്തും മുസ്ലീം കുടിയാന്‍മാര്‍ ഹിന്ദു ജന്മികള്‍ക്കെതിരായി തിരിഞ്ഞപ്പോള്‍ ലഹളക്കാലത്ത് നിലമ്പൂര്‍ കോവിലകക്കാരെ ഇവിടെ നിന്ന് ഒളിപ്പിച്ച് കൊണ്ടുപോയി രക്ഷപ്പെടുത്തിയത് മുസ്ലീം കുടിയാന്മാരായിരുന്നു. മലപ്പുറം ജില്ലയുടെ പല ഭാഗത്തും വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും സമുദായ സൌഹാര്‍ദ്ദം അഭംഗുരമായി പുലര്‍ത്തി എന്നതിന്റെ കാരണവും മുകളില്‍ സൂചിപ്പിച്ച നിലമ്പൂരിന്റെ മഹത്തായ സഹിഷ്ണുതാപൈതൃകമല്ലാതെ മറ്റെന്താണ്.

 

സാമൂഹ്യമുന്നേറ്റചരിത്രം
ബ്രിട്ടീഷ് ആധിപത്യം നിലനില്‍ക്കുന്ന കാലത്തു തന്നെ  നവീനവിദ്യാഭ്യാസം പ്രചരിച്ചതോടെ സാമൂഹ്യ ജീര്‍ണ്ണതക്കെതിരായുള്ള അവബോധം വ്യാപകമായി സൃഷ്ടിക്കപ്പെട്ടു. സാമൂഹ്യ-ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലേക്ക് അത് വഴിതുറന്നു. ദേശീയ പ്രസ്ഥാനം സജീവമായതോടെയാണ് സാമൂഹ്യമാറ്റങ്ങള്‍ക്കായുള്ള പോരാട്ടവും ഇവിടെ ശക്തി പ്രാപിക്കുന്നത്. 1938-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് ഇവിടെ നിന്ന് മല്‍സരിച്ചതിനെ തുടര്‍ന്ന്, കോണ്‍ഗ്രസ് പ്രവര്‍ത്തനവും ഇവിടെ ഊര്‍ജ്ജിതമായി. ഈ സന്ദര്‍ഭത്തില്‍ കല്ലന്‍കുന്നേന്‍ അഹമ്മദുകുട്ടി സാഹിബ്, പനോലന്‍ അഹമ്മദുകുട്ടി സാഹിബ് മുതലായവര്‍ നയിച്ച “മുസ്ലീം മജ്ലിസ”യും, മുസ്ലീം സമുദായത്തില്‍ ദേശീയബോധം വളര്‍ത്താന്‍ നടത്തിയ മറ്റു ശ്രമങ്ങളും ഇവിടെ എടുത്തു പറയേണ്ടതാണ്. കെ.വി.കുഞ്ഞാലന്‍കുട്ടി സാഹിബ്, എം.പി.വേലായുധന്‍ നായര്‍, വേലായുധന്‍ ചെട്ടിയാര്‍ എന്നിവരും, ഇവിടെ ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുമ്പോള്‍ തന്നെ  അവരോടൊപ്പം രംഗത്തു വന്ന ടി.കെ.മാധവന്‍, കുഞ്ഞുണ്ണി, നിലമ്പൂര്‍ ബാലന്‍ മുതലായവരും കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിനു കരുത്തും ഊര്‍ജ്ജസ്വലതയും പകര്‍ന്നുകൊടുത്തു. സാമ്രാജ്യത്വത്തിനും നാടുവാഴിത്വത്തിനുമെതിരെയുണ്ടായ ഇത്തരം സമരങ്ങള്‍ക്കൊപ്പം തന്നെ, സാമൂഹ്യമായ അനാചാരങ്ങള്‍ക്കെതിരായ മുന്നേറ്റവും ഇവിടെ നടന്നുകൊണ്ടിരുന്നു. ഐക്യസഹോദരസംഘവും എസ്.എന്‍.ഡി.പി.യും ചേര്‍ന്ന് കുഞ്ഞിക്കണ്ണന്റെയും, കുട്ടായി വൈദ്യരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വിരാഡൂര്‍ മാര്‍ച്ച് ഉല്‍പതിഷ്ണുവായ അന്നത്തെ സീനിയര്‍ രാജയുടെ തന്ത്രജ്ഞതയാല്‍ ഒരേറ്റുമുട്ടലൊന്നും കൂടാതെ തന്നെ  വിജയത്തില്‍ കലാശിച്ചു. സാമൂഹ്യപരിവര്‍ത്തനവും സാംസ്കാരികനവോത്ഥാനവും കൈവരുത്താന്‍ കലയെയും സാഹിത്യത്തെയും സാമാന്യജനങ്ങളുമായി അടുപ്പിക്കാന്‍ വളരെ അഭിനന്ദനീയമായ ഒരു പരിശ്രമവും ഇവിടെ നടന്നിട്ടുണ്ട്. ഡോ.എം.ഉസ്മാന്‍, ഇ.കെ.അയമു, നിലമ്പൂര്‍ ബാലന്‍, കെ.ജി.ഉണ്ണീന്‍, നിലമ്പൂര്‍ ആയിഷ തുടങ്ങിയ സാംസ്കാരിക നായകരും, കലാരംഗത്തുള്ളവരും വളര്‍ത്തികൊണ്ടുവന്ന അമേച്വര്‍ നാടകവേദി ഇതിനുദാഹരണമാണ്. ദേശീയ പ്രസ്ഥാനത്തിനകത്തുതന്നെ  കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ സ്വാതന്ത്ര്യസമരത്തിനു കരുത്തു കൂട്ടി. സാമ്രാജ്യത്വത്തോടൊപ്പം തന്നെ  ഇന്ത്യയില്‍ നിന്നും ജന്മി നാടുവാഴിത്തവ്യവസ്ഥയും തുടച്ചുനീക്കണമെന്ന ചിന്താഗതി അതോടെ വളര്‍ന്നുവന്നു. മലബാറിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ നിലമ്പൂരിലും കര്‍ഷക സമരങ്ങളും, കര്‍ഷകതൊഴിലാളി സമരങ്ങളും ശക്തിപ്രാപിച്ചു. ഏറനാട്ടില്‍ കര്‍ഷകസംഘം ആരംഭിച്ച തരിശുഭൂമി സമരത്തില്‍ നിലമ്പൂരില്‍ നിന്നും ടി.കെ.മാധവന്‍, കുഞ്ഞുണ്ണി, കുഞ്ഞുകൃഷ്ണന്‍, കുഞ്ഞാലി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. രാഷ്ട്രീയ സമരത്തോടൊപ്പം തന്നെ  ജാതി, അയിത്തം തുടങ്ങിയ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും ഇവിടെ നടന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കോഴിക്കോട്-ഊട്ടി റോഡിലൂടെ “രാജലക്ഷ്മി” ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചത് ആ കാലഘട്ടത്തില്‍ തന്നെയാണ്. 1947-നു ശേഷമുള്ള നിലമ്പൂരിന്റെ ചരിത്രത്തിന് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റവുമായി അഭേദ്യമായ ബന്ധമുണ്ട്. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലും ഉടമസ്ഥതയിലുമായിരുന്ന ഈ പ്രദേശത്തേക്ക് 1900-ാംമാണ്ടോടുകൂടിയാണ് ആദ്യകുടിയേറ്റങ്ങള്‍ ആരംഭിച്ചതെന്നു കാണാം. തരിശുസമരങ്ങള്‍ക്കും, വെട്ടിപ്പൊളി സമരങ്ങള്‍ക്കും നിലമ്പൂരിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇന്ന് നിലമ്പൂരിലുള്ള കൃഷിഭൂമിയില്‍ നല്ലൊരുഭാഗം വെട്ടിപ്പൊളിയിലൂടെ അവകാശം സ്ഥാപിച്ചതാണ്. പ്രസ്തുതസമരങ്ങള്‍ക്കു കര്‍ഷകസംഘവും ഇടതുപക്ഷപാര്‍ട്ടികളുമാണ് നേതൃത്വം നല്‍കിയത്.

 

കാര്‍ഷികചരിത്രം
മുമ്പ് ഇവിടുത്തെ വനാന്തരങ്ങളില്‍ മലമുത്തന്‍, ചോലനായ്ക്കന്‍, മലനായ്ക്കന്‍, അറനാടന്‍, പണിയന്‍, കുറുമര്‍ തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ താമസിച്ചിരുന്നു. കാടുകളിലെ മരംമുറിയും മുളവെട്ടും മറ്റുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ മുസ്ലീംസമൂഹമാണ് നിലമ്പൂരിന്റെ സാമൂഹികജീവിതചരിത്രത്തിനു തുടക്കം കുറിക്കുന്നത്. ഏറെക്കുറെ ഇതേ കാലഘട്ടത്തില്‍തന്നെ  കൃഷിയുമായി ബന്ധപ്പെട്ട് നായര്‍, തീയര്‍ തുടങ്ങിയ വിഭാഗങ്ങളും ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവരാണ് കൃഷിയ്ക്ക് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. കിഴക്കുംമുറി ചേരിക്കല്ലിനു കീഴില്‍ മുപ്പിനി, കൌക്കാട്, ഭഗവതി മുണ്ട, മണക്കാട്, ഉപ്പട, മുതുകുളം, ശങ്കരംകുളം, ഉടുമ്പൊയില്‍, മലച്ചി, അര്‍ണാടംപാടം, പായുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ കളങ്ങള്‍ ഉണ്ടായിരുന്നു. കളംഉടമകള്‍ വര്‍ഷംതോറും കാര്‍ഷികവിഭവങ്ങളുടെ നിശ്ചിതശതമാനം ചേരിക്കല്ല് തമ്പുരാക്കന്‍മാര്‍ക്കു പാട്ടമായി നല്‍കുമായിരുന്നു. ആദ്യകാലങ്ങളില്‍ കളം ഉടമകള്‍ സ്വന്തമായോ വിശ്വസ്തരായ കൃഷിക്കാര്‍ക്കു പാട്ടത്തിനു നല്‍കിയോ ആയിരുന്നു കൃഷി നടത്തിയിരുന്നത്. 20,000 പറ നെല്ലുള്‍ക്കൊള്ളാന്‍ ശേഷിയുള്ള പത്തായപുരയോടുകൂടിയതായിരുന്നു എടക്കരയിലുണ്ടായിരുന്ന നിലമ്പൂര്‍ കോവിലകം. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ കളക്കാരും പാട്ടകൃഷിക്കാരും തൊഴിലാളികള്‍ക്കു അളവ് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാര്‍ഷികമേഖല സജീവമായതോടുകൂടി ആശാരി, കൊല്ലന്‍, കര്‍ഷകതൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും ഇവിടേക്ക് കുടിയേറിപാര്‍ക്കാനാരംഭിച്ചു. പ്രാചീനകാലം മുതല്‍ കരുനെച്ചി, കൌവുക്കാട് പ്രദേശങ്ങളില്‍ മലയപണിക്കന്‍മാര്‍ കൂട്ടമായി താമസിച്ച് കൃഷി ചെയ്തിരുന്നു. “തലമ്മല്‍ തട്ട്” എന്നു വിളിച്ചിരുന്ന കോളറ, മലമ്പനി തുടങ്ങിയ മാരകരോഗങ്ങള്‍ക്കടിമപ്പെട്ടും, വന്യമൃഗശല്യം കാരണവും പലരും പിന്‍മാറിയെങ്കിലും 1920-കളായപ്പോഴേക്കും നിലമ്പൂരും പരിസരപ്രദേശങ്ങളും ജനവാസകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു.

 

സാംസ്കാരികചരിത്രം
കിഴക്കന്‍ ഏറനാട്ടില്‍ ചാലിയാര്‍, കരിമ്പുഴ, കുതിരപ്പുഴ എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നിലമ്പൂര്‍ ഗ്രാമം ഇന്ന് നിലമ്പൂര്‍ താലൂക്കിന്റെ സാംസ്കാരികകേന്ദ്രമാണ്. ക്ഷേത്രങ്ങളെയും കോവിലകങ്ങളെയും കേന്ദ്രമാക്കി നടത്തിയിരുന്ന കഥകളി, കൂടിയാട്ടം, കൂത്ത്, തുള്ളല്‍ തുടങ്ങിയ കലാപ്രകടനങ്ങള്‍ സവര്‍ണ്ണരായ ഒരു ചെറിയ വിഭാഗത്തിന്റെ ഇടയില്‍മാത്രം ഒതുങ്ങി നിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിലായി ഇവിടെ രൂപം കൊണ്ട നിലമ്പൂര്‍ യുവജനവായനശാലയും നിലമ്പൂര്‍ യുവജനകലാസമിതിയും ഏറനാടിന്റെയും, മലബാറിന്റെയും കലാസാംസ്കാരിക മുന്നേറ്റത്തിന് വഹിച്ച പങ്ക് നിസ്തുലമാണ്. ഇ.കെ.അയമു, ഡോക്ടര്‍ എം.ഉസ്മാന്‍ തുടങ്ങിയ നാടകകൃത്തുകളും, നടനും സംവിധായകനുമായിരുന്ന നിലമ്പൂര്‍ ബാലനും, നിമിഷ കവിയായിരുന്ന കെ.ജി.ഉണ്ണീനെ പോലുള്ള ഗാനരചയിതാക്കളും, യാഥാസ്ഥിതിക സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകളെ നേരിട്ട് നാടകരംഗത്ത് എത്തിയ ആദ്യത്തെ വനിതയായ നിലമ്പൂര്‍ ആയിഷയും, നാടക നടന്‍മാരായ മാനുമുഹമ്മദ്, കുഞ്ഞാലന്‍ തുടങ്ങിയ കലാകാരന്‍മാരെല്ലാം തന്നെ  കലയിലൂടെ ജനങ്ങളെ സാംസ്കാരികമായി ഉണര്‍ത്തുവാനും, ഉത്തേജിപ്പിക്കുവാനും ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തിയവരാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നീ മതങ്ങള്‍ക്ക് ഒരുപോലെ പ്രാതിനിധ്യമുള്ള ഒരു സമൂഹമാണ് നിലമ്പൂരിന്റേത്. ഹിന്ദുക്ഷേത്രങ്ങളും, മുസ്ലീം പള്ളികളും, ക്രിസ്ത്യന്‍ ദേവാലയങ്ങളും ഇവിടെ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. ഇത് സാമുദായിക സൌഹാര്‍ദ്ദം നിലനിര്‍ത്തുന്ന കാര്യത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുമുണ്ട്. മാനവേദന്‍ തിരുമുല്‍പ്പാട് അര നൂറ്റാണ്ടു മുമ്പ് സ്ഥാപിച്ച നിലമ്പൂര്‍ മാനവേദന്‍ ഹൈസ്കൂളും 1903-ല്‍ സ്ഥാപിതമായ ചന്തക്കുന്നിലെ ജി.എം.എല്‍.പി.സ്കൂളും ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഒട്ടേറെ കലാസാംസ്കാരിക പ്രതിഭകള്‍ക്ക് ജന്മം കൊടുത്ത ഗ്രാമമാണിത്. നൃത്തകലാരംഗത്ത് ചുവടുറപ്പിച്ച ജ്യോതി നൃത്തകലാകേന്ദ്രം, സംഗീതനാട്യഭവന്‍ തുടങ്ങി നിരവധി കലാ സാംസ്കാരിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. പിന്നണിഗാന രംഗത്ത് പ്രശസ്തരായ കൃഷ്ണചന്ദ്രന്‍, എസ്.എ.ജമീല്‍, നിലമ്പൂര്‍ ഷാജി, നാടകരംഗത്തെ പ്രശസ്തനായ നിലമ്പൂര്‍ മണി, സിനിമാരംഗത്തെ പ്രശസ്ത നടി സീനത്ത് എന്നിവരെല്ലാം ഈ നാട്ടുകാരാണ്. മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ വനിതയായ നിര്‍മ്മലാ മലയത്ത്, പ്രശസ്ത മജീഷ്യന്‍മാരായ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുകാട്, പി.പ്രദീപ്കുമാര്‍ എന്നിവരുടെ കളിത്തൊട്ടിലും നിലമ്പൂര്‍ ആണ്. ചിത്രകാരനും അതുപോലെ സംഗീത നിപുണനുമായ രാഘവ വര്‍മ്മയും നിലമ്പൂരിലെ പ്രശസ്ത വ്യക്തിത്വമായിരുന്നു. കായികരംഗത്തും കുറെയേറെ സംഭാവനകള്‍ നല്‍കാന്‍ നിലമ്പൂരിന് കഴിഞ്ഞിട്ടുണ്ട്. മലബാര്‍ പ്രദേശത്തെ ഫുട്ബാള്‍ കളിക്കളങ്ങളില്‍ ഈ ഗ്രാമത്തിലെ നിരവധി കളിക്കാര്‍ പങ്കെടുക്കുന്നു.