English| മലയാളം

വിവരണം

നിലമ്പൂര്‍ നഗരസഭയിലുള്ള തേക്ക് മ്യൂസിയം, നെടുങ്കയം, കനോലിപ്ലോട്ട് എന്നിവിടങ്ങള്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. പ്രദേശത്ത് നിന്ന് ഏറ്റവും വേഗത്തില്‍ പ്രാപ്യമായ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും നിലമ്പൂരും ബേപ്പൂരുമാണ്. നിലമ്പൂര്‍ ബസ് സ്റ്റാന്റും ചന്തക്കുന്ന് ബസ് സ്റ്റാന്റുമാണ് നഗരസഭയിലെ പ്രധാന ബസ് ഗതാഗത കേന്ദ്രങ്ങള്‍. കളത്തില്‍ കടവ്, മൊടവണ്ണ കടവ് എന്നിവിടങ്ങളില്‍ ജലഗതാഗതം നിലവിലുണ്ട്. സംസ്ഥാന പാത-28, അകമ്പാടം റോഡ്, കരുളായി റോഡ്, കാരാട് റോഡ് തുടങ്ങിയ പാതകളും കരിമ്പുഴ പാലം, വടപ്പുറം പാലം, അമരമ്പലം പാലം, മൈലാടി പാലം മുതലായ പാലങ്ങളും ചേര്‍ന്നാണ് നഗരസഭയെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. കളിമണ്‍ പാത്ര നിര്‍മ്മാണം, എണ്ണ മില്ലുകള്‍, അരികുത്ത് മില്ലുകള്‍ തുടങ്ങിയവയാണ് നഗരസഭയുടെ പരമ്പരാഗത-ചെറുകിട വ്യവസായ സംരംഭങ്ങള്‍. വന്‍കിട വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസാണ് നഗരസഭയിലെ പ്രധാന വ്യവസായ സ്ഥാപനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളാണ് നഗരസഭയില്‍ ഇന്ധന വിതരണം നടത്തുന്നത്. എം.സി. ഗ്യാസ്, റേബിന്‍ ഗ്യാസ്, സ്പിക് ജോതി എന്നിവയാണ് പാചകവാതക വിതരണ ഏജന്‍സികള്‍.  ചന്തകുന്ന്, നിലമ്പൂര്‍, മുക്കട്ട എന്നിവിടങ്ങളിലാണ് നഗരസഭയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ മതവിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. വേട്ടേക്കരന്‍ കാവ്, വീരാടൂര്‍ മാരിയമ്മന്‍ കോവില്‍, കളത്തിങ്കല്‍ ഭഗവതി ക്ഷേത്രം, സുന്നി ജുമാ മസ്ജിദ്, ലിറ്റില്‍ ഫ്ളവര്‍ പള്ളി, എസ്.ഡി.എ പള്ളി തുടങ്ങിയവയാണ് പ്രധാന ദേവാലയങ്ങള്‍. നിലമ്പൂര്‍ പാട്ടുത്സവം പ്രസിദ്ധമായ ഉത്സവമാണ്. നാടകനടി നിലമ്പൂര്‍ ആയിഷ, തിരക്കഥാകൃത്ത് ആര്യാടന്‍ ഷൌക്കത്ത്, ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ, പി.വി.അബ്ദുള്‍ വഹാബ് എം.പി, നടന്‍ റഹ്മാന്‍ എന്നിവര്‍ ഈ നഗരസഭയില്‍ നിന്നുള്ള പ്രശസ്തരായ വ്യക്തികളാണ്.അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളില്‍ ചികിത്സാ സൌകര്യം ലഭ്യമാക്കുന്ന നിരവധി ആശുപത്രികള്‍, നഗരസഭയുടെ പൊതുജനാരോഗ്യ രംഗത്ത് നിലവിലുണ്ട്. കോട്ടക്കല്‍ ആര്യ വൈദ്യശാല, സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രി, വൈദ്യരത്നം ഔഷധശാല, കൈരളി ആയുര്‍വ്വേദ ആശുപത്രി എന്നിവ പേരുകേട്ട ആയുര്‍വ്വേദ ചികിത്സാലയങ്ങളാണ്. നിലമ്പൂര്‍ താലൂക്ക് ആശുപത്രി, പി.ജി.മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, ഏലംകുളം ആശുപത്രി എന്നിവയാണ് നഗരസഭയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങള്‍. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയാണ് പ്രദേശത്ത് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. ഏക മൃഗാശുപത്രി മുക്കട്ടയില്‍ സ്ഥിതി ചെയ്യുന്നു. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എം.ഇ.എസ് കോളേജ്, കോ-ഓപ്പറേറ്റീവ് കോളേജ്, സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.റ്റി.ഐ, ഐ.റ്റി.സി. എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍. ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എം.എസ്.എന്‍.എസ്.എസ്.എച്ച്.എസ്, മാനവേദന്‍ ഹൈസ്കൂള്‍, നിലമ്പൂര്‍ സര്‍ക്കാര്‍ യു.പി.സ്ക്കൂള്‍ തുടങ്ങി 15-ഓളം സ്കൂളുകള്‍ നഗരസഭയുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.