നിലമ്പൂര്‍ നഗരസഭ 2010 നവംബര്‍ 1 നാണ് നിലവില്‍ വന്നത്. അതുവരെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ളോക്കിലെ ഒരു പഞ്ചായത്തായാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലമ്പൂര്‍ വില്ലേജു പരിധിയില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഗ്രാമപഞ്ചായത്തിനു 36.26 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. നഗരസഭയാക്കി ഉയര്‍ത്തപ്പെട്ട ഈ പ്രദേശത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പോത്തുകല്ല്, ചാലിയാര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പോത്തുകല്ല്, മൂത്തേടം, അമരമ്പലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് അമരമ്പലം, വണ്ടൂര്‍, തിരുവാലി, മമ്പാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മമ്പാട്, ചാലിയാര്‍ പഞ്ചായത്തുകളുമാണ്. നിലമ്പൂര്‍ ഇന്നൊരു താലൂക്കാസ്ഥാനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പ്രദേശം ചാലിയാറിന്റെ തീരത്ത്, കാടിന്റെ അതിരില്‍ സ്ഥിതിചെയ്തിരുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. മാനവേദന് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് കാട്ടാനകളുടെ ചിന്നംവിളി കേള്‍ക്കാമായിരുന്നുവെന്നു പഴമക്കാര്‍ പറയുമായിരുന്നു. പശ്ചിമഘട്ടനിരകളിലെ ന്യൂ അമരമ്പലം റിസര്‍വ്വ് വനത്തിന്റെയും, വയനാടന്‍ മലനിരകളുടെയും ഇടയിലുള്ള താഴ്വാരമാണ് നിലമ്പൂര്‍. നീലഗിരിയിലെ ഇലംമ്പേരി കുന്നുകളില്‍ നിന്നുത്ഭവിച്ച് അനേകം കൈവഴികള്‍ ഒരുമിച്ചു ചേര്‍ന്നൊഴുകി നിലമ്പൂരിലെത്തുമ്പോള്‍ പൂര്‍ണ്ണരൂപം കൈവരിക്കുന്ന ചാലിയാര്‍ പുഴ, നിലമ്പൂരിന്റെ ഭൂപ്രകൃതിയെ ഫലഭൂയിഷ്ഠമാക്കുന്ന ജീവനാഡി തന്നെയാണ്. സമുദ്രനിരപ്പില്‍ നിന്ന് ഉദ്ദേശം 400 മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നിലമ്പൂര്‍ ഒരു കാലത്ത് നിബിഡ വനമേഖലയായിരുന്നു. ഏകദേശം 2600 മില്ലിമീറ്റര്‍ മഴയും, 17 ഡിഗ്രി മുതല്‍ 37 ഡിഗ്രി വരെ ശരാശരി ഊഷ്മാവും ലഭിക്കുന്ന ഈ പ്രദേശം ഇന്ന് കേരളത്തിലെ പ്രമുഖ കാര്‍ഷികഗ്രാമമാണ്. കുതിരപുഴ, കരിമ്പുഴ, ചാലിയാര്‍പുഴ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഉപദ്വീപാണ് പ്രകൃതി മനോഹരമായ നിലമ്പൂര്‍. ഭൂപ്രകൃതിയനുസരിച്ച് പ്രദേശത്തെ സമതലം, ചെരിഞ്ഞപ്രദേശം, കുന്നിന്‍പ്രദേശം, ചതുപ്പുനിലം, തരിശുനിലം എന്നിങ്ങനെയായി അഞ്ചായി തരം തിരിക്കാം. ബംഗ്ലാവുകുന്ന്, അരുവാക്കോടുകുന്ന് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കുന്നുകള്‍. ചില ഭാഗങ്ങളില്‍ ഫലഭൂയിഷ്ഠമായ എക്കല്‍മണ്ണും, മറ്റു ഭാഗങ്ങളില്‍ കറുത്ത മണ്ണ്, പശിമയുള്ള മണ്ണ്, ചെങ്കല്‍മണ്ണ്, മണല്‍ കലര്‍ന്ന മണ്ണ് എന്നിവയും കാണപ്പെടുന്നു. ഈര്‍പ്പമുള്ള എക്കല്‍മണ്ണ്, ഉയര്‍ന്ന തോതില്‍ സിലിക്ക, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യമുള്ളതും ജലത്തിന്റെ വാര്‍ച്ച ത്വരിതപ്പെടുത്തുന്നതുമായ ചരല് ചേര്‍ന്ന എക്കല്‍ മണ്ണ് എന്നിവയുള്ള പ്രദേശമായതിനാല്‍ നിലമ്പൂരില്‍ തേക്ക് വൃക്ഷം വ്യാപകമായി വളരുന്നു. നിലമ്പൂരിലെ വനസമ്പത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തേക്ക്. തേക്കിന്റെ ചരിത്രം തുടങ്ങുന്നതു തന്നെ നിലമ്പൂരില്‍ നിന്നാണ്. ഇവിടുത്തെ തേക്ക് ലോകപ്രസിദ്ധമാണ്. 1844-ല്‍ വെച്ചുപിടിപ്പിച്ച് ഇന്നും പരിരക്ഷിച്ചു പോരുന്ന ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടവും ഇവിടെയാണുള്ളത്.